Tuesday, August 9, 2011

സംസ്കാരവും പീഠനവും


കേരളത്തില്‍ ഏറ്റവും അധികം കേള്‍ക്കുന്ന രണ്ടു വാക്കുകള്‍ ആണ് സംസ്കാരം എന്നതും പീഠനം എന്നതും.

ഓണം ആയതോടെ ഇനി സംസ്കാരത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ആയിരിക്കും നാടെങ്ങും. പറ്റിയാല്‍ ഓണത്തിനു മുന്‍‌പുതന്നെ കേരളം വിടണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇല്ല്ല്ലാത്ത ഒന്നിനെ പറ്റി പുകഴ്ത്തുന്നത് കേള്‍ക്കാന്‍ ഒട്ടും താല്പര്യം ഇല്ല.
പീഠനം എന്ന വാക്ക് ഇന്ന് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിമാറിയെന്നാണ് തോന്നുന്നത്. ഒരു യാത്രകഴിഞ്ഞ് വീണ്ടും മഴയെ ആസ്വദിക്കുവാന്‍ ഇവിടെ എത്തിയപ്പോള്‍ എന്നെ ഏറ്റവും അലോസരപ്പെടുത്തിയത് ഈ വാക്കാണ്. റ്റി.വിയടക്കം ഉള്ള എല്ലാ മീഡിയായിലും യാത്ര ചെയ്യുന്ന ട്രെയിനില്‍ ആളുകള്‍ പരസ്പരം സംസാരിക്കുന്നതും മൊബൈലില്‍ സംസാരിക്കുന്നതുമെല്ലാം പീഠനത്തെ കുറിച്ച് മാത്രം. പീഠനം നടന്നാല്‍ അതേ പറ്റി അന്വേഷിക്കുകയും പ്രതികളെ ശിക്ഷിക്കുകയുമാണ് വേണ്ടത്. അതിത്രമാത്രം വലിയ ചര്‍ച്ചകള്‍ നടത്തുവാന്‍ ഉള്ള ഒരു വിഷയം ആണോ? ഇവിടെ ചര്‍ച്ചകള്‍ നടക്കുകയും പീഠിപ്പിക്കപ്പെട്ട പെണ്‍കുട്റ്റിക്ക് നീതികിട്ടുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു എന്നതല്ലേ സത്യം? എത്ര പെണ്‍‌വാണിഭക്കേസുകള്‍ ഇവിടെ ഉണ്ടായി എന്നിട്ട് എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു. ഈ ചര്‍ച്ച നടത്തുന്ന നേരം അതില്‍ ഉള്‍പ്പെട്ടവരെ എത്രയും പെട്ടെന്ന് മാതൃകാപരമായി ശിക്ഷിക്കുവാന്‍ ഉള്ള കാര്യങ്ങള്‍ അല്ലേ ചെയ്യേണ്ടത്.

അച്ഛനും മുത്തച്ഛനുമെല്ലാം പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഒരു പുതുമയല്ലാത്ത വാര്‍ത്തയായിരിക്കുന്നു. അമ്മ മകളെ വില്‍ക്കുവാന്‍ മൌന സമ്മതം നല്‍കുന്നു. ലൈംഗിക അസ്വാതന്ത്ര്യവും കപട സദാചാരസങ്കല്പവും ഒപ്പം പണത്തിനോടുള്ള ആര്‍ത്തിയും ആകാം മലയാളിയെ ഇത്തരം ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഞാന്‍ കരുതുന്നു. ഒപ്പം സിനിമയിലോ സീരിയലിലോ മുഖം കാണിക്കുക എന്ന ലക്ഷ്യവും ചേരുമ്പോള്‍ കൌമാരം വിടാത്ത പെണ്‍കുട്ടികള്‍ നൂറും ഇരുനൂറും പേര്‍ക്ക് ലൈംഗിക വൈകൃതത്തിനുള്ള ഉപകരണമാകുന്നു.

സംസ്കാരത്തെ കുറിച്ചും വിദ്യാഭ്യാസനിലവാരത്തെ കുറിച്ചും പറയുകയും അഭിമാനിക്കുകയും ചെയ്യുന്ന മലയാളികളില്‍ പലരും ഒട്ടും സംസ്കാരം ഇല്ലാത്തവരും കടുത്ത മനോരോഗികളും ലൈംഗീക വൈകൃതത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നവരും ആണെന്ന് നിസ്സംശയം പറയാം. പത്തു വയസ്സുകാരന്‍ നാലോ അഞ്ചോ വയസ്സുള്ള പെണ്‍കുട്ടിയെ പീഠിപ്പിക്കുവാന്‍ ശ്രമിച്ചു, അതിനിടയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒരു പക്ഷെ ഇന്ത്യയില്‍ കേരളത്തില്‍ നിന്നും മാത്രമേ കേള്‍ക്കുവാന്‍ സാധിക്കൂ. മലയാളിയുടെ മനോ വൈകല്യം കൊച്ചു കുട്ടിയിലേക്കും പകര്‍ന്നു ലഭിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് കുട്ടിത്തം നഷ്ടപ്പെട്ടിരിക്കുന്നു. ബൈക്കില്‍ വന്ന് സ്കൂള്‍ കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്ന പൂവാലന്മാര്‍. നടന്നു പോകുമ്പോളും ബസ്സില്‍ കയറുമ്പോളും വസ്ത്രം അല്പം മാറിയാല്‍ അതിന്റെ ക്ലിപ്പെടുക്കുവാന്‍ ആര്‍ത്തിയോടെ അനേകം മൊബൈല്‍ ക്യാമറകള്‍. സഹപാഠിയുടെയോ ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാന്‍ വരുന്നവരുടേയോ ഒക്കെ ടോയ്‌ലെറ്റിലെ രംഗങ്ങള്‍ പക്ര്ത്തിയെടുക്കുവാന്‍ താല്പര്യം കാണിക്കുന്നവരും മലയാളികളില്‍ വര്‍ദ്ധിക്കുന്നു. ഒരു സ്ത്രീ ടോയ്ലറ്റ് ഉപയോഗിക്കുന്നത് 3 ആവശ്യങ്ങള്‍ക്കാണല്ലോ. ഈ മൂന്ന് സംഗതികളും കണ്ട് ആസ്വദിക്കുന്നവരുടെ മനോ നില എന്തായിരിക്കും? ഇവരാണോ സംസ്കാരത്തെ കുറിച്ച് പറയുന്നത്.

ഇന്ത്യയില്‍ എത്രയോ സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള എന്നെ സംബന്ധിച്ച് ഇത്രയും വൃത്തികെട്ട നോട്ടങ്ങളും അസ്വസ്ഥത സൃഷ്ടിക്കുന്ന കമന്റുകളും നേരിടേണ്ടിവന്നിട്ടില്ല. ഇപ്പോല്‍ മൊബൈല്‍ ക്യാമറകളും പിന്തുടരുന്നു. നടന്നു പോകുമ്പോള്‍ എന്റെ പിന്‍‌ഭാഗം പകര്‍ത്തിയതിന് രണ്ടു തവണ വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ട്.

ഒരു വശത്ത് മോറല്‍ പോലീസ് ഭാര്യയേയും ഭര്‍ത്താവിനേയും അവരുടെ അമ്മയേയും ആക്രമിക്കുന്നു. മറുവശത്ത് അച്ഛന്‍ മകളെ കൊണ്ടുനടന്ന് വില്‍ക്കുന്നു. എന്തോ എവിടേയോ ചീഞ്ഞു നാറുന്നു. ആ ചീയലിനു പ്രതി വിധി കണ്ടില്ലെങ്കില്‍ മലയാളി പെണ്ണുങ്ങളുടെ കാര്യം ദുരിതമായിരിക്കും.
സ്വര്‍ണ്ണം അപഹരിക്കുവാനോ ലൈംഗികമായി ഉപയോഗിക്കുവാനോ ഉള്ള ഒരു വസ്തുവായി മലയാളി സ്ത്രീ മാറിക്കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണ വില വര്‍ദ്ധിക്കുന്നതും ഒപ്പം ലൈംഗിക ഭ്രാന്ത് വര്‍ദ്ധിക്കുന്നതും മലയാളി പെണ്ണുങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും എന്നതില്‍ സംശയമില്ല. ലൈംഗിക സ്വാതന്ത്രം എന്നത് പുരുഷനു മാത്രം വേണ്ടതല്ല. അത് സ്ത്രീക്കും കൂടെ അവകാശപ്പെട്ടതാണ്.